തിരുവനന്തപുരം: ഓണത്തിന് മുൻപേ കിറ്റ് വിതരണം പൂർത്തിയാക്കുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. ഇതുവരെ 10 ശതമാനം കിറ്റുകൾ മാത്രമാണ് റേഷൻ കടകൾ വഴി വിതരണം ചെയ്തിട്ടുള്ളത്. ഇതിനിടെ പല ഭാഗങ്ങളിലും ഇ പോസ് മെഷീന് തകരാറിലായത് ആശങ്ക ഇരട്ടിയാക്കി.
തിങ്കളാഴ്ചയോടെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. ഇതേ തുടർന്നാണ് അവധി ദിനങ്ങളായ ഇന്നും നാളെയും റേഷൻ കടകൾ തുറക്കാൻ തീരുമാനിച്ചത്. 5,87,691 മഞ്ഞക്കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകേണ്ടത്. ഇന്നലെവരെ 62,231 കിറ്റുകൾ വിതരണം ചെയ്തു. രണ്ട് ദിവസം കൊണ്ട് ബാക്കിയുള്ള കിറ്റുകൾ കൂടി വിതരണം ചെയ്യാൻ കഴിയുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇ പോസ് മെഷീനുകൾക്ക് തകരാർ അനുഭവപ്പെട്ടത്.
രാവിലെ എട്ട് മണി മുതലാണ് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ അൽപ്പ നേരത്തിന് ശേഷം ഇ-പോസ് മെഷീനുകൾക്ക് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഒടിപി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. അതേസമയം 10 മണിയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വൈകീട്ട് കൂടുതൽ സമയം റേഷൻ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
Discussion about this post