തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൗരപ്രമുഖർക്കായി ഗംഭീര ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷൻമാരും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി. ഭാര്യ കമലയും മകൾ വീണയും ചേർന്ന് അതിഥികളെ സ്വീകരിച്ചു. പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.
അഞ്ച് തരം പായസവും രണ്ട് തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. എംഎൽഎ ഹോസ്റ്റൽവളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ.
അതേസമയം സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം പൊടിപൊടിക്കുമ്പോഴും കിറ്റ് വിതരണം പൂർത്തിയാക്കാനായിട്ടില്ല. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ഇതുവരെ പത്ത് ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്.
ചെലവുകൾ കുത്തനെ വെട്ടികുറച്ചിട്ടും പൊതുജനത്തിന് നല്ല ഓണമൊരുക്കി നൽകാൻ ഇടതുപക്ഷ സർക്കാരിന് ആയില്ലെന്ന ആക്ഷേപം ഉയരുന്നുണ്്. മുഖ്യമന്ത്രി വിഭവസമൃദമായ സദ്യ ഒരുക്കി അതിഥികളെ ഊട്ടുമ്പോൾ പൊതുജനം അവശ്യ സാധനങ്ങൾ പോലും വിപണിയിൽ നിന്ന് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന വിമർശനം ശക്തമായിരിക്കുകയാണ്.ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുന്ന സർക്കാർ അവശ്യസാധനങ്ങളുടെ വിലവർധനവിൽ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Discussion about this post