തിരുവനന്തപുരം: പോത്തൻകോടിൽ സ്വന്തം പിതാവിനെ ക്രൂരമായി കൊല്ലാൻ ശ്രമിച്ച് 15 കാരൻ. വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ സുഹൃത്തിന്റെ സഹായത്തോട് കൂടിയാണ് വധശ്രമം ഉണ്ടായത്.
സംഭവത്തിൽ പോലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
പോത്തൻകോടിൽ ഇന്നലെ രാത്രി 10:30 ഓടെയായിരുന്നു സംഭവം. മറ്റൊരാളിന്റെ ചെരുപ്പിട്ട് മകൻ വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അച്ഛൻ വീടിനകത്തേക്ക് കിടക്കാൻ പോയി. ഈ സമയം മകൻ പുറത്ത് പോയി സമപ്രായക്കാരനായ സുഹൃത്തിനെയും കൂട്ടി വീട്ടിലേക്ക് വന്നു. സുഹൃത്ത് ടീഷർട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി.
ഓടിരക്ഷപ്പെട്ട പിതാവ് വീട് പുറത്ത് നിന്ന് പൂട്ടി നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. ഇതിനിടെ മകൻ സുഹൃത്തിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. പോലീസ് വരുന്നത് കണ്ട് ജനലിൽ തൂങ്ങി ആത്മഹത്യാ ശ്രമവും നടത്തി.
Discussion about this post