കണ്ണൂർ: തിരുവോണത്തിന് ജയിലുകളിലും ഗംഭീര സദ്യയൊരുങ്ങും. സദ്യയോടൊപ്പം വറുത്തരച്ച കോഴിക്കറിയും വിളമ്പാനാണ് തീരുമാനം. തടവുകാർക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് സദ്യ. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക.
തടവുകാരാണ് സദ്യ ഒരുക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം തടവുകാരാണ് ഉള്ളത്. ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴിവിഭവം ഇല്ല. ഓണംനാളിൽ വറുത്തരച്ച കോഴിക്കറിയടക്കം ഉണ്ടാകും.വിഷു, റംസാൻ, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം എന്നീ 10 ദിവസങ്ങളിലാണ് ജയിൽ അന്തേവാസികൾക്ക് സദ്യ ഒരുക്കുന്നത്
1050 ലധികം തടവുകാരുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നെയ്ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവും സസ്യാഹാരികൾക്ക് കോളിഫ്‌ലവറും പരിപ്പും കറിയുമുണ്ട്. കണ്ണൂർ വനിതാ ജയിലിൽ ഇലയിട്ട് പച്ചക്കറിസദ്യ ഒരുക്കും. കണ്ണൂർ ജില്ലാ ജയിലിലെ 150ഓളം വരുന്ന തടവുകാർക്ക് സദ്യയ്‌ക്കൊപ്പം കോഴിക്കറിയും വിളമ്പും. ചീമേനി തുറന്ന ജയിലിൽ ഉച്ചയ്ക്ക് ഇലയിട്ട സദ്യയുണ്ടാകും. പച്ചടി, കിച്ചടി മുതൽ പായസം വരെ വിളമ്പും. ഇവിടെ ചിക്കൻ ഉണ്ടാകില്ല. പകരം രാവിലെ പുട്ടിനും ചപ്പാത്തിക്കും കോഴിക്കറി കൂട്ടാം. ഓണദിവസം പാചക ഡ്യൂട്ടിക്ക് അധികം പേരുണ്ടാകും. ജയിൽ ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും.
Discussion about this post