തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
രാവിലെ പത്തരയോടെ ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു സ്വർണം കണ്ടെത്തിയത്. യാത്രികർ ഇറങ്ങിയതിന് ശേഷം ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടത്. ഉടനെ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.
കുഴമ്പ് രൂപത്തിലാക്കിയായിരുന്നു സീറ്റിനടിയിൽ സ്വർണം ഒളിപ്പിച്ചത്. 965.09 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത് എന്ന് കസ്റ്റംസ് അറിയിച്ചു. ഇതിന്റെ മൂല്യം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ പരിശോധന ഭയന്ന് കൊണ്ടുവന്നയാൾ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. അതേസമയം ആരാണ് ഇത് കൊണ്ടുവന്നത് എന്ന് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. ഇതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശി പിടിയിലായിരുന്നു.
Discussion about this post