ന്യൂഡൽഹി : തമിഴ്നാട്ടിൽ ഭേദഗതി വരുത്തിയ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്താനായി പൂജാരിമാരുടെയോ ആചാരങ്ങളുടെയോ ആവശ്യമില്ല. അഭിഭാഷകർക്കും വിവാഹങ്ങൾ നടത്താമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. അഭിഭാഷകരുടെ ഓഫീസിൽ വച്ച് വിവാഹം നടത്തിയതിനെതിരായി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
1968-ലാണ് തമിഴ്‌നാട് സർക്കാർ സ്വയമരിയാദൈ (സ്വാഭിമാനം) വിവാഹങ്ങൾ നിയമവിധേയമാക്കുന്നത്. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് പൂജാരിമാരുടെയും വിപുലമായ ആചാരങ്ങളുടെയും ആവശ്യകത ഇല്ലാതാക്കാനായാണ് ഈ ഭേദഗതി വരുത്തിയത്. തമിഴ്‌നാട് സംസ്ഥാന സർക്കാർ ഭേദഗതി ചെയ്ത ഈ നിയമത്തിലെ സെക്ഷൻ 7(A) പ്രകാരം സ്വാഭിമാന വിവാഹം അഭിഭാഷകരുടെ മാത്രം സാന്നിധ്യത്തിലും നടത്താമെന്നാണ് ഇപ്പോൾ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
സ്വാഭിമാന വിവാഹങ്ങൾ നടത്തുന്ന അഭിഭാഷകർക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അഭിഭാഷകനായ എ.വേലൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ഇത്തരം വിവാഹങ്ങൾക്ക് വധുവിന്റെയും വരന്റെയും സുഹൃത്തുക്കളോ ബന്ധുക്കളോ അല്ലെങ്കിൽ സാമൂഹ്യപ്രവർത്തകരോ മാത്രം ഉണ്ടായാൽ മതിയെന്നും ആചാരങ്ങളോ ചടങ്ങുകളോ ആവശ്യമില്ലെന്നും ആണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്.
Discussion about this post