ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ നീക്കം നടത്തിക്കൊണ്ട് ചൈന പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചോദ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. അക്‌സായ് ചിൻ, തായ്വാൻ, ദക്ഷിണ ചൈന കടൽ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ചൈന 2023 ലെ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ചോദ്യവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരിക്കുകയാണ്.
ചൈനയ്‌ക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്നാണ് റാവത്ത് ചോദിച്ചത്. അടുത്തിടെ അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ചൈനീസ് ഉദ്യോഗസ്ഥരെ ആലിംഗനം ചെയ്യുകയും ചെയ്തു. അത്തരമൊരു സംഭവം തങ്ങളുടെ ഹൃദയത്തെ തകർത്തു. ചൈനക്കാർ ഇന്ത്യയിലേക്ക് കടന്നുവെന്ന് രാഹുൽ പറഞ്ഞത് ശരിയാണെന്നും റാവത്ത് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി സർജിക്കൽ സ്ട്രൈക്ക് എന്ന നാടകം കളിക്കുമോ എന്ന ഭയം ജനങ്ങളുടെ മനസ്സിലുണ്ട് എന്നും റാവത്ത് കൂട്ടിച്ചേർത്തു.
ചൈനയുടെ സ്വാഭാവിക അതിരുകളും മറ്റ് രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരുകളും പരിഗണിച്ചാണ് തങ്ങൾ ഭൂപടം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ചൈന അവകാശപ്പെടുന്നത്. അതേസമയം അരുണാചൽ പ്രദേശ് സമ്പൂർണമായും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അടുത്തയിടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ ഏതൊരു നീക്കവും ഇന്ത്യയുടെ പരമാധികാരത്തിനെതിരായ നീക്കമായി കണക്കിലെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post