തിരുവനന്തപുരം : ചെരുപ്പ് വിലകുറച്ച് വിറ്റതിന് ദമ്പതികൾക്ക് നേരെ എസ്‌ഐയുടെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ജംഗ്ഷനിൽ ചെരിപ്പു കട നടത്തുന്ന യുവതിക്കും ഭർത്താവും മകനുമാണ് മർദ്ദനമേറ്റത്. ഇന്റലിജൻസ് എസ്‌ഐയായ ഫിറോസ് ഖാന് എതിരെ കുടുംബം പോത്തൻകോട് പോലീസിൽ പരാതി നൽകി.
ഞായറാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. പരാതിക്കാരുടെ കടയുടെ തൊട്ടടുത്താണ് എസ്‌ഐയുടെ ചെരിപ്പ് കടയും സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച വൈകീട്ട് ഒരു മണിക്കൂറിൽ 150 രൂപയ്ക്ക് ഷൂസുകളും ചെരുപ്പുകളും ഇവർ വിൽപ്പന നടത്തിയിരുന്നു. ഇത് കണ്ട് കൂടുതൽ ആളുകൾ കടയിലെത്തിയതോടെ, ഫിറോസ് ഖാനും മകൻ മുഹമ്മദ് ഫയാസും ചേർന്ന് ഇവരുടെ കടയിലെത്തി ആക്രമണം നടത്തുകയായിരുന്നു.
ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവതിയെയും എസ്‌ഐ മർദ്ദിച്ചു. തുടർന്ന് യുവതിയെ നിലത്തിട്ട് ചവിട്ടുകയും നെഞ്ചത്ത് പിടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
അഞ്ച് മാസം മുൻപും സമാനമായ സംഭവം നടന്നിരുന്നു. എന്നാൽ ഇത് വ്യാപാരി വ്യവസായി സംഘടനകൾ ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. എസ്‌ഐ ഫിറോസ് ഖാനും മകനുമെതിരെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post