കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നോർത്ത് 24 പർഗനാസ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ദിവസങ്ങൾക്ക് മുൻപ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം ഉണ്ടായി ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ബംഗാൾ പോലീസിന്റെ പ്രത്യേക വിഭാഗം ആയിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച നാല് ട്രക്കോളം വരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്.
ബെറാബെറി, സാജിർഹാത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. അനധികൃതമായി സ്‌ഫോടക വസ്തു ശേഖരം സൂക്ഷിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ പിടികൂടിയ സ്‌ഫോടക വസ്തുക്കൾക്ക് വിപണിയിൽ ഒന്നര കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
ബംഗാളിൽ പടക്ക നിർമ്മാണശാലകളിൽ സ്‌ഫോടനം ഉണ്ടാകുന്നത് തുടർക്കഥയാകുകയാണ്. അപകടം ഉണ്ടായ ഫാക്ടറികളിൽ ഭൂരിഭാഗവും എണ്ണവും പ്രവർത്തിച്ചിരുന്നത് അനധികൃതമായിട്ടാണെന്നാണ് കണ്ടെത്തൽ. ഇതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതോടെയായിരുന്നു പരിശോധന.
Discussion about this post