ത്യാഗനിർഭരമായ തപോബലം കൊണ്ട് ഒരു ജനതയുടെ ദൈവമായി മാറിയ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനമായ ഇന്ന് ഓണക്കാലത്തിന്റെ അവസാന ആഘോഷ ദിനമായി മലയാളി കൊണ്ടാടുന്നു. എസ് എൻഡിപിയുടെയും വിവിധ ശ്രീനാരായണീയ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെയാണ് ചതയ ദിനാഘോഷം. നാട്ടിൻപുറത്തെ ക്ലബ്ബുകളുടെ ഓണാഘോഷം കൊടിയിറങ്ങുന്ന ദിവസം കൂടിയാണ് ചതയം.
തികഞ്ഞ അദ്വൈതവാദിയും മഹാനായ സന്യാസിയും ആർഷഭാരത പാരമ്പര്യത്തിന്റെ ആധുനിക വക്താവുമായിരുന്നു ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് പുതുജീവൻ പകർന്നു നൽകിയ മഹാവെളിച്ചമായിരുന്നു. അതുകൊണ്ട് തന്നെ, സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായി ഗുരുദേവനെ ആരാധിക്കുന്നത് ലക്ഷക്കണക്കിന് ശ്രീനാരായണീയരാണ്. അദ്ദേഹം നടത്തിയ സാമൂഹിക നവീകരണ പ്രവർത്തനങ്ങളെ ശ്രീബുദ്ധന്റെയും യേശു ക്രിസ്തുവിന്റെയും കരുണാർദ്രമായ മാനവസേവയ്ക്ക് തുല്യമായാണ് പല ദാർശനികന്മാരും വിലയിരുത്തുന്നത്.
ജാതീയതയുടെ കൂരമ്പുകളേറ്റ് നാമാവശേഷമായ ഒരു സമൂഹത്തെ ലക്ഷ്യമാക്കി വന്ന സ്വാർത്ഥമോഹികളെ ഗുരുദേവൻ നേരിട്ടത് പ്രായോഗിക തലത്തിലുള്ള അദ്വൈതത്തിന്റെ നവീനമായ പരിപ്രേക്ഷ്യം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു. സത്യം ഏകമാണെന്നും വിഭിന്നവാദം മിഥ്യയാണെന്നും പ്രായോഗിക തലത്തിൽ അദ്ദേഹം സമൂഹത്തിന് കാട്ടിക്കൊടുത്തു. ശങ്കരാചാര്യർ ഉദ്ഘോഷിച്ച അദ്വൈത വേദാന്തത്തെ തനതായ പ്രയോഗ പദ്ധതിയിലൂടെ ജാതിവിനാശത്തിനും സ്വധർമ സംരക്ഷണത്തിനും ഗുരുദേവൻ ഉപയുക്തമാക്കി.
പ്രായോഗിക ജീവിതത്തിൽ നിന്നും അകന്ന്, ഈശ്വര ധ്യാനത്തിൽ മുഴുകി ജീവിച്ച ഒരു സന്യാസിയായിരുന്നില്ല ശ്രീ നാരായണ ഗുരു. തന്റെ സിദ്ധികൾ മനുഷ്യകുലത്തിന്റെ സമൂലമായ പരിവർത്തനത്തിന് ഉതകുന്ന തരത്തിൽ ശക്തമായ ഒരു സംഹിതയാക്കി അദ്ദേഹം മാറ്റിയെടുത്തു. ഗുഹയിൽ നിന്ന് പുറത്തിറങ്ങി പകൽ വെളിച്ചത്തിൽ അദ്ദേഹം പ്രവർത്തിച്ചു. സമബുദ്ധിയോടെ എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അങ്ങനെ വരുമ്പോൾ അവർക്ക് സ്വയം ഏകമതബോധം ഉണ്ടാകും എന്നാണ് ഗുരുദേവൻ പറഞ്ഞത്. മതനിരാസമല്ല, മറിച്ച് മതഭേദ നിരാസം ഉദ്ഘോഷിച്ച ഗുരുദേവനെ പിന്നീട് പലരും താത്കാലിക നേട്ടങ്ങൾക്ക് വേണ്ടി മതവിരോധിയായി ചിത്രീകരിക്കുകയായിരുന്നു.
Discussion about this post