ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തിൽ കല്ലുകടി ശക്തം. പ്രധാനമന്ത്രി സ്ഥാനാർത്ഥ്യം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനോടകം തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.രാഹുൽ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിൻറെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവിധ പാർട്ടികളും അവകാശവാദങ്ങളുമായി രംഗത്തെത്തിയത്. അഖിലേഷ് യാദവിനായി സമാജ് വാദി പാർട്ടിയും അവകാശവാദമുന്നയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാളായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആംആദ്മി പാർട്ടി.എഎപിയുടെ മുഖ്യ ദേശീയ വക്താവ് പ്രിയങ്ക കക്കറാണ് പ്രഖ്യാപനം നടത്തിയത്.ഇത്രയും നാണയപ്പെരുപ്പം ഉണ്ടായിട്ടും ദേശീയ തലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമെന്ന് പ്രിയങ്ക കക്കർ പറഞ്ഞു.
ഇതിന് പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ ഇൻഡിയ പോസ്റ്ററിൽ നിന്ന് അരവിന്ദ് കെജ്രിവാളിന്റെ ചിത്രം ഒഴിവാക്കി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്, മമത ബാനർജി, ഹേമന്ത് സോറൻ, മല്ലികാർജുൻ ഖാർഗെ,സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ എല്ലാം ചിത്രം ഉണ്ടെങ്കിലും രണ്ട് സംസ്ഥാനത്ത് ഭരണം കൈയ്യാളുന്ന എഎപി മുതിർന്ന നേതാവ് കെജ്രിവാളിന്റെ ചിത്രം മാത്രം ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം.
അതേസമയം മുന്നണിയുടെ കൺവീനർ സ്ഥാനത്തിൽ ഒരു തീരുമാനത്തിന് സാധ്യത ഏറെയാണ്. കൺവീനറെ യോഗം തെരഞ്ഞെടുക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.കൺവീനർ തൽക്കാലം വേണ്ടെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്. പട്‌ന ബംഗളൂരു, യോഗങ്ങൾക്ക് ശേഷം ‘ഇന്ത്യ’യുടെ മൂന്നാമത് യോഗമാണ് മുംബൈയിൽ ചേരുന്നത്. 26 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. വിവിധ കമ്മറ്റികളുടെ പ്രഖ്യാപനവും മുംബൈ യോഗത്തിൽ ഉണ്ടാവും.








