കോട്ടയം: തന്റെ പ്രസംഗത്തിനിടെ ബഹളം വച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനടം മാളികപ്പടിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം.
പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽനിന്ന് റാമ്പിലേക്കിറങ്ങിയ മുഖ്യമന്ത്രി, വേദിയുടെ മുമ്പിൽ നിന്നിരുന്ന ഫോട്ടോഗ്രാഫറെ സമീപത്തേക്ക് വിളിച്ചുവരുത്തി. ‘താങ്കളുടെ കൂടെയുള്ളയാളാണോ ബഹളംവെച്ചത്’ എന്ന് ചോദിച്ചു.ഫോട്ടോഗ്രാഫർ മറുപടി പറഞ്ഞില്ല. ഇതോടെ മുഖ്യമന്ത്രി ചോദ്യം ആവർത്തിച്ചു. ‘എനിക്ക് അറിയില്ല, കൂടെയുള്ളയാളല്ല’ എന്ന് ഫോട്ടോഗ്രാഫർ മറുപടി നൽകി. ഇതോടെ ചിരിച്ചുകൊണ്ട്, പിണറായി വിജയനും മന്ത്രി വാസവനും മണർകാട്ടെ വേദിയിലേക്ക് പോയി.
വർഷങ്ങൾക്ക് മുൻപ് തന്റെ പ്രസംഗത്തിനിടെ ബഹളം വച്ചയാളെ മുഖ്യമന്ത്രി ശകാരിച്ചിരുന്നു.കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗം ആരംഭിക്കുമ്പോഴായിരുന്നു ഒരുവിഭാഗം ബഹളം വെച്ചത്. ശരണംവിളിച്ച് പ്രതിഷേധിക്കാനും ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇതോടെയാണ് പ്രതിഷേധക്കാർക്ക് മുഖ്യമന്ത്രി താക്കീത് നൽകിയത്.
‘വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു.ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്.
Discussion about this post