കൊച്ചി: ട്രാൻസ്ജൻഡർ യുവതിയ്ക്ക് സ്വപ്‌നതുല്യമായ ഓണസമ്മാനം പ്രഖ്യാപിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അഭിരാമി എന്ന എംബിഐ ബിരുദധാരിക്ക് ഐഎഎസ്‌കാരിയാവാനുള്ള സഹായങ്ങളാണ് സുരേഷ് ഗോപി വാഗ്ദാനം ചെയ്തത്. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റെയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം’ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പ്രഖ്യാപനം.
‘ദൈവത്തിന്റെ ശക്തിയിൽ ദൈവത്തിന്റെ കയ്യൊപ്പോടെ ജീവിക്കുന്നവരാണ് ട്രാൻസ്‌ജെന്‌ഡേഴ്‌സ്, അവർക്ക് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. ഇവിടെയുള്ള അഭിരാമി എന്ന കുട്ടി എന്താണ് എന്നത് എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല. ഭയങ്കര ഒരു സുന്ദരി. എന്താണെന്നു ഞാൻ ചോദിച്ചു, അതിനകത്ത് ഒരു മര്യാദകേട് ഉണ്ട്, എന്റെ ഒരു പെർഫെക്റ്റ് അണ്ടർസ്റ്റാന്ഡിങ്ങിന് വേണ്ടിയാണ് ചോദിച്ചത്. എനിക്ക് പക്ഷെ വിശ്വസിക്കാൻ സാധിക്കുന്നില്ല, ഇപ്പോൾ എംബിഎക്കാരിയാണ്. ആ കുട്ടിയെ ഒരു ഐഎഎസ്‌കാരി ആക്കി മാറ്റണം. അതിനു ഏത് കോച്ചിങ് സെന്ററിൽ ആണ് പോകേണ്ടത് എന്ന് വച്ചാൽ അഭിരാമി അവിടെ അടുത്ത ദിവസങ്ങളിൽ പോയിരിക്കും. അവൾക്കുള്ള എന്റെ ഓണസമ്മാനം അതാണ്. അഭിരാമി ഐഎഎസ് എന്ന പേരിൽ കേരള കേഡറിലേക്ക് വന്ന് കേരളത്തിലെ ഒരു അഞ്ചു ജില്ലയിലെങ്കിലും ഒരു രണ്ടു വര്ഷം വച്ച് കളക്ടർ ആയിട്ട് സെർവ് ചെയ്യാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടാവട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം അഭിരാമിയെ ചേർത്ത് പിടിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ‘അച്ഛനും മറ്റൊരു മോളും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ എന്റെ വീട്ടിൽ നിന്നും ട്രാൻസ് ജീവിതത്തിലേക്ക് ഇറങ്ങി വരുമ്പോൾ എന്റെ മനസിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഐഎസുകാരി ആകണം എന്നുള്ളത്. അത് സഫലമാകും എന്ന് ഞാൻ ഇപ്പോൾ കരുതുന്നു. നന്ദി സുരേഷേട്ടാ, ഒരായിരം നന്ദി’ എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾക്ക് മറുപടിയായി അഭിരാമി സംസാരിച്ചത്
Discussion about this post