തിരുവനന്തപുരം: കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടൻ ജയസൂര്യ.കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പലനാളുകളായി കേൾക്കുന്നുവെന്നും അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും താരം പറയുന്നു. അല്ലാതെ സർക്കാരിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്തിയതല്ലെന്ന് ജയസൂര്യ പറഞ്ഞു.
അറിയാവുന്ന കാര്യങ്ങളും സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി സംസാരിച്ച കാര്യങ്ങളുമാണ് താൻ വേദിയിൽ പറഞ്ഞത്. ഈ വിഷയം വേദിയിൽ പറയാതെ നേരിട്ട് ചർച്ച ചെയ്താലും ഫലപ്രാപ്തിയിൽ എത്തണമെന്നില്ല. നമ്മെ ഊട്ടുന്നവർ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയതെന്നും ജയസൂര്യ വ്യക്തമാക്കി.
സംഭരിച്ച നെല്ലിൻറെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കർഷകൻറെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടൻറെ പ്രതികരണം. തൻറെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം.
ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിൻറെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാൽ, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയിൽ മറുപടി നൽകി.
Discussion about this post