എറണാകുളം: മുൻ സീനിയർ ഡോക്ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019 ൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ കടന്നുപിടിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
നിലവിൽ വിദേശത്താണ് വനിതാ ഡോക്ടർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് വനിതാ ഡോക്ടർ സീനിയർ ഡോക്ടറിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.
വനിതാ ഡോക്ടർ ഹൗസ് സർജൻസി ചെയ്യുമ്പോൾ കോർഡിനേറ്റർ ആയിരുന്നു ആരോപണ വിധേയനായ ഡോക്ടർ. അന്ന് തന്നെ സംഭവത്തിൽ വനിതാ ഡോക്ടർ വാക്കാൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി എത്തിയിട്ടില്ല. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പോലീസിന് പരാതി കൈമാറാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ആരോപണ വിധേയനായ ഡോക്ടർ നിലവിൽ ജില്ലയിലെ മറ്റൊരു ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയാണ്.
Discussion about this post