തിരുവനന്തപുരം : പുതുപ്പള്ളി തിരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ഏഴുമണി വരെ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലോ അച്ചടി മാദ്ധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയുള്ള സമയത്താണ് എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ട്.
തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന രീതിയിലുള്ള തെറ്റായതോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതോ ആയ എക്സിറ്റ്പോൾ ഫലങ്ങൾ വോട്ടെടുപ്പിന് തൊട്ടുമുൻപായി അവതരിപ്പിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിന് നേരത്തേയും ഇന്ത്യയിൽ നിയന്ത്രണമുണ്ട്.
ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് ദിവസം എക്സിറ്റ്പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
Discussion about this post