ആരോഗ്യകരമായ ഭക്ഷണക്രമം പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്തമാണെന്നറിയാമോ? ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സ്ത്രീകളെക്കാൾ വേഗത്തിൽ നഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ. അതിനാൽ തന്നെ കഴിക്കേണ്ട പോഷകാഹാരത്തിന്റെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഒരു സാധാരണ പുരുഷന് ഒരു ദിവസം ആവശ്യമുള്ള പോഷകങ്ങളും സ്ത്രീകളിൽ നിന്നും വ്യത്യസ്തമാണ്. ആഹാരക്രമത്തിൽ പുരുഷന്മാർക്ക് കൂടുതലായി ആവശ്യമുള്ള ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മഗ്നീഷ്യം
പുരുഷന്മാരുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഏറെ ആവശ്യമായ പ്രധാനപ്പെട്ട ഒരു ധാതുവാണ് മഗ്നീഷ്യം. കൂടുതൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ പുരുഷന്മാർക്ക് കഴിയുന്നതാണ്. മഗ്നീഷ്യത്തിന്റെ പ്രധാനപ്പെട്ട ഭക്ഷണ ഉറവിടങ്ങൾ ഇലക്കറികൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവയെല്ലാമാണ്.
പൊട്ടാസ്യം
പല പുരുഷന്മാർക്കും ഭക്ഷണത്തിൽ നിന്നും ആവശ്യത്തിന് പൊട്ടാസ്യം ലഭിക്കുന്നില്ല പല മെഡിക്കൽ പഠനങ്ങളും കണ്ടെത്തിയിട്ടുള്ളത്. നാഡി, ഹൃദയം, പേശി എന്നിവയുടെ പ്രവർത്തനത്തിന് പൊട്ടാസ്യം പ്രധാനമാണ്. ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന് ശരീരത്തിൽ പൊട്ടാസ്യം സന്തുലിതമായി ഉണ്ടാകേണ്ടത് ആവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ തണ്ണിമത്തൻ, തക്കാളി, അവോക്കാഡോ, വാഴപ്പഴം, പയർ, ഇലക്കറികൾ എന്നിവയും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്.
വിറ്റാമിൻ ഡി
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കൂടുതൽ വിറ്റാമിൻ ഡി ലഭിക്കേണ്ടത് ആവശ്യമാണ്. എല്ലുകളും പ്രതിരോധ സംവിധാനവും ശക്തമാക്കാൻ ഇത് സഹായിക്കുന്നു. പാലുൽപ്പന്നങ്ങൾ, കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, സമുദ്ര വിഭവങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഒപ്പം ആഴ്ചയിൽ കുറച്ച് തവണ സൂര്യപ്രകാശം ഏൽക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാനുള്ള മറ്റൊരു മാർഗമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്
സ്ത്രീകളെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കൂടുതലുള്ളവരാണ് പുരുഷന്മാർ എന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ പുരുഷന്മാരുടെ ഭക്ഷണക്രമത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും, തലച്ചോറിന്റെ പ്രവർത്തനത്തിനും, സന്ധിവേദനകൾ ഒഴിവാക്കാനും, ലൈംഗിക ആരോഗ്യത്തിനും പുരുഷന്മാർ ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉൾപ്പെടുത്തേണ്ടതാണ്. സാൽമൺ, മത്തി, അയല, ട്യൂണ എന്നീ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയോ ഫിഷ് ഓയിൽ സപ്ലിമെന്റുകൾ ആയോ ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാകുന്നതാണ്.
Discussion about this post