പത്തനംതിട്ട : അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്നാണ് ഡാമുകളിൽ ജലനിരപ്പ് വർദ്ധിച്ചിട്ടുള്ളത്.
മൂഴിയാർ, മണിയാർ ഡാമുകളിൽ അപ്രതീക്ഷിതമായി ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത് കാടിനുള്ളിൽ ഉണ്ടായ ഉരുൾപൊട്ടൽ ആണെന്ന് സംശയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഒറ്റപ്പെട്ട കനത്ത മഴയാണ് പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളിൽ ഉണ്ടായിട്ടുള്ളത്. ഇന്ന് വൈകുന്നേരത്തോടെ മഴ കൂടുതൽ ശക്തിപ്പെടുകയായിരുന്നു. പമ്പാനദിയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള കാടിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഉണ്ടായ ശക്തമായ ജലപ്രവാഹമാണ് ഡാമുകളിൽ പെട്ടെന്ന് ജലനിരപ്പ് വർദ്ധിക്കുന്നതിന് കാരണമായതെന്ന് കരുതപ്പെടുന്നു. ഗവിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി നിരവധിപേർ ഗവിയിലേക്ക് എത്തുന്ന ഈ സമയത്ത് മണ്ണിടിച്ചിൽ വലിയ ഗതാഗത തടസ്സമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post