വയനാട്: സുൽത്താൻ ബത്തേരിയിൽ ഭീതി പടർത്തി കടുവ. ഇതുവരെ നൂറോളം വർത്തു മൃഗങ്ങളെയാണ് കടുവ കടിച്ച് കൊലപ്പെടുത്തിയത്. മൂലങ്കാവിലെ ജനവാസ മേഖലയിലാണ് സ്ഥിരമായി കടുവയെത്തുന്നത്. ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കടുവ ജനവാസ മേഖലയിൽ എത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
പശുക്കൾ, വളർത്തു പട്ടികൾ, കോഴികൾ എന്നിവയെ ആണ് കടുവ സ്ഥിരമായി ആക്രമിക്കുന്നത്. ഇതേ തുടർന്ന് പ്രദേശത്തെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ആക്രമണം രൂക്ഷമായതോടെ വനംവകുപ്പിന് കർഷകർ ചേർന്ന് പരാതി നൽകിയിരുന്നു. കടുവയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച തുടർച്ചയായി കടുവ ജനവാസ മേഖലയിൽ ഇറങ്ങിയത്.
മൂലങ്കാവ് സ്വദേശി രാജേഷിന്റെ പശുവാണ് അവസാനമായി കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. ശബ്ദംകേട്ട് വീട്ടുകാർ ബഹളംവച്ചതിനാൽ കടുവയ്ക്ക് പശുവിനെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ പശു ചികിത്സയിൽ തുടരുകയാണ്.
മൂലങ്കാവ് എറളോട്ടുകുന്നിലാണ് നിലവിൽ കടുവയുള്ളതെന്നാണ് വിവരം. പ്രദേശത്തെ രണ്ട് പട്ടികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കോഴിഫാമിലും കയറി കടുവ വലിയ നാശമുണ്ടാക്കിയിരുന്നു. നൂറോളം കോഴികളെയാണ് ഫാമിൽ കയറി കടുവ പിടിച്ചതെന്നാണ് ഉടമ പറയുന്നത്.
Discussion about this post