തിളക്കമുള്ള മൃദുലമായ ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. കൊറിയൻ ബ്യൂട്ടിയും മറ്റും ഇതിനോടകം രാജ്യത്ത് പ്രചാരണം നേടിക്കഴിഞ്ഞു. കുരുക്കളോ പാടുകളോ ഇല്ലാതെ കൊറിയക്കാരുടേത് പോലുള്ള ചർമ്മം ലഭിക്കാൻ ക്രീമുകളും ഫേസ് പായ്ക്കുകളും വാങ്ങിക്കൂട്ടുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് പണം പോകുമെന്നല്ലാതെ പലപ്പോഴും ഗുണം ലഭിക്കാറില്ല. അത്തരത്തിൽ കൊറിയൻ സൗന്ദര്യം ലഭിക്കാനും ചില ബ്യൂട്ടി ടിപ്പുകളുണ്ട്. വീട്ടിൽ തന്നെ പരീക്ഷിക്കാനാകുന്ന ചില ടിപ്പുകളാണ് പറയാൻ പോകുന്നത്.
മുഖം മിന്നിത്തിളങ്ങാൻ ആവശ്യമായ രണ്ട് സാധനങ്ങളാണ് അരിപ്പൊടിയും കറ്റാർവാഴയും. ഈ രണ്ട് വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫേസ്മാസ്‌ക് ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാനും മുഖത്തിന് യുവത്വം നൽകാനും സഹായിക്കും. അമിതമായ കരുവാളിപ്പ് മാറ്റി ചർമ്മം നിറമുള്ളതാക്കാനും ഇത് സഹായിക്കുന്നുണ്ട്.
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈ മാസ്‌ക് തയ്യാറാക്കാൻ സാധിക്കും. മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും ഇതിന് ആവശ്യമാണ്. കുറച്ച് തണുത്ത വെള്ളവും ഈ മിശ്രിതത്തിലേക്ക് ഒഴിച്ച് മിക്‌സ് ചെയ്യാം. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിന് ശേഷം ഇത് തണുത്ത വെളളത്തിൽ കഴുകി കളയാം.
കഞ്ഞിവെള്ളം പുളിപ്പിച്ചെടുത്ത് മുഖത്ത് പുരട്ടുന്നതാണ് കൊറിയക്കാരുടെ സൗന്ദര്യത്തിന് പിന്നിലെ മറ്റൊരു രഹസ്യം. ഇത് ചർമ്മത്തിലെ ചുളിവ് കുറയ്ക്കാനും ചർമ്മം ടൈറ്റ് ആക്കി നിർത്താനും സഹായിക്കും. നമ്മളുടെ ശരീരത്തിൽ കൊളാജീന്റെ അളവ് കൂട്ടാനും ഏറ്റവും നല്ല മാർഗ്ഗമാണിത്.
ചോറ് തിളപ്പിച്ച് ഊറ്റി എടുത്ത ശേഷം കഞ്ഞിവെള്ളം നന്നായി തണുപ്പിച്ച് കുപ്പിയിലാക്കി മാറ്റി വയ്ക്കുക. രണ്ടോ മൂന്നോ ദിവസം മാറ്റി വയ്ക്കണം. അതിനുശേഷം രാവിലെ ഇത് മുഖത്ത് പുരട്ടാവുന്നതാണ്. രാത്രിയിൽ കിടക്കുന്നതിന് മുൻപും ഇത് പുരട്ടാം. കുറച്ച് സമയത്തിന് ശേഷം ഇത് കഴുകിക്കളയാം.
Discussion about this post