ന്യൂഡൽഹി: സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും ഉദയനിധി പറഞ്ഞു. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്. നാം ഡെങ്കി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കുകയല്ല വേണ്ടത്, ഉന്മൂലനം ചെയ്യുകയാണ്. അതുപോലെ സനാതന ധർമവും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ്. തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സനാതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ പ്രസ്താവനയുടെ പേരിൽ ഉണ്ടാകുന്ന ഏത് വെല്ലുവിളികളെ നേരിടാനും താൻ തയ്യാറാണെന്നും, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഉദയനിധി പിന്നീട് എക്സിൽ കുറിച്ചു. തങ്ങൾ പെരിയാറുടെയും അണ്ണായുടെയും കലൈഞ്ജറുടെയും പിന്മുറക്കാരാണ്. ദ്രാവിഡ ഭൂമിയിൽ നിന്നും സനാതന ധർമത്തെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
Discussion about this post