ന്യൂഡൽഹി: കാലങ്ങളായി ലോകം ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമെന്ന രീതിയിലായിരുന്നു ഇന്ത്യയെ കണ്ടുവന്നതെന്നും എന്നാൽ ഇന്ന് ഇന്ത്യ പ്രതീക്ഷ നിറഞ്ഞ ഒരു ബില്യൻ മനസുകളുടെ രാജ്യമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. രാഷ്ട്രീയ അസ്ഥിരത മാറി നിന്ന ഒൻപത് വർഷങ്ങൾ രാജ്യത്തെ നയിച്ചത് നിരവധി പരിഷ്‌കാരങ്ങളിലേക്കാണെന്നും പുരോഗതിയാണ് അതിന്റെ ഉപ ഉൽപ്പന്നമായി രാജ്യത്തിന് ലഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം മൂന്നാം ലോകരാജ്യങ്ങളെന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങൾക്കിടയിൽ പോലും ആത്മവിശ്വാസത്തിന്റെ വിത്ത് വിതച്ചു. ജി 20യിലൂടെ ഇന്ത്യയുടെ വാക്കുകളും വീക്ഷണവും കേവലം ആശയങ്ങൾ മാത്രമായിട്ടല്ല ഭാവിയിലേക്കുളള രൂപരേഖയായിട്ടാണ് ലോകം കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തെറ്റായ സാമ്പത്തിക നയങ്ങളുടെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുളളത് ലോകത്തെ ദരിദ്രജനവിഭാഗങ്ങളാണ്. ഇത്തരം നയങ്ങൾ ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിന് വഴിയൊരുക്കുമെങ്കിലും സാമൂഹികവും സാമ്പത്തികവുമായി ദീർഘകാലത്തേക്ക് വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജി 20 യോഗങ്ങൾ കശ്മീരിലും അരുണാചലിലും സംഘടിപ്പിക്കുന്നതിൽ ചൈനയും പാകിസ്താനും എതിർപ്പ് പ്രകടിപ്പിച്ചതിനെയും പ്രധാനമന്ത്രി തളളിക്കളഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ആഗോള സഹകരണം ഉണ്ടാകേണ്ടത് ഒരു ആവശ്യം മാത്രമല്ല ഒഴിവാക്കാനാകാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാജ വാർത്തകളും യാഥാർത്ഥ്യമെന്ന് തോന്നിക്കുന്നതുമായ പ്രചാരണങ്ങളും വാർത്താ സ്രോതസുകളുടെ വിശ്വാസ്യത തന്നെ തകർത്തുകളയുന്നുണ്ട്. സമൂഹത്തിൽ അസ്വസ്ഥത വിതയ്ക്കാനും ആളിക്കത്തിക്കാനും ഇത് വഴിയൊരുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈബർ ഭീഷണികൾ ഗൗരവത്തിലെടുക്കുക തന്നെ വേണം. സൈബർ തീവ്രവാദവും ഓൺലൈൻ ഭീകരവാദവും സാമ്പത്തിക തട്ടിപ്പുമൊക്കെ വലിയ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്. സാങ്കേതിക വിദ്യകൾ ക്രിമിനൽ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ സമഗ്ര അന്താരാഷ്ട്ര ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post