തിരുവനന്തപുരം : ചെറിയൊരു ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാവുകയാണ്. കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോരമേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കക്കാട്ടാർ കരകവിഞ്ഞൊഴുകി. ജലനിരപ്പ് വർദ്ധിച്ചതിനാൽ കഴിഞ്ഞദിവസം തുറന്നുവിട്ടിരുന്ന മൂഴിയാർ അണക്കെട്ട് വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴലും മൂലം പത്തനംതിട്ടയിൽ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Discussion about this post