പത്തനംതിട്ട: മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച (4 സെപ്റ്റംബർ 2023) അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളത് കണക്കിലെടുത്താണ് നടപടി. എന്നാൽ മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ലെന്ന് കളക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചു. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഗതാഗത തടസ്സം നീക്കുവാൻ നടപടികൾ സ്വീകരിക്കുന്നതായും കളക്ടർ പറഞ്ഞു. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്കും നിരോധനമുണ്ട്.
ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിച്ചിരുന്നു. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം 10 സെന്റിമീറ്റർ വരെ ഉയരും.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നു ഇനിയുള്ള 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവസ്ഥാ പ്രവചന സൂചികകൾ കാട്ടുന്നു.
Discussion about this post