എറണാകുളം : കെസിബിസി ആസ്ഥാനത്തും വരാപ്പുഴ ബിഷപ്പ് ഹൗസിലും സുരേഷ് ഗോപി സന്ദർശനം നടത്തി. സഭാ നേതൃത്വം നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വരാൻ കഴിഞ്ഞതെന്ന് സുരേഷ് ഗോപി അറിയിച്ചു. മാർപാപ്പയുടെ ഇന്ത്യൻ പര്യടനം വൈകിയേക്കുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.
ഫാദർ ജേക്കബ് പാലയ്ക്കാപ്പള്ളിലുമായി നേരത്തെ സൗഹൃദമുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. മാർപാപ്പയുടെ ഇന്ത്യൻ പര്യടനം കേന്ദ്രസർക്കാരിന്റെ പ്രത്യേക പരിഗണനയിലുള്ള വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും സുരേഷ് ഗോപി അറിയിച്ചു. ഉത്തരേന്ത്യയിൽ തണുപ്പുകാലം തുടങ്ങുന്നതിനു മുൻപായി തന്നെ മാർപാപ്പയുടെ ഇന്ത്യൻ പര്യടനം ഉണ്ടാകണമെന്നാണ് നിശ്ചയിച്ചിരുന്നത്. അഞ്ചോളം സംസ്ഥാനങ്ങളിൽ മാർപാപ്പ സന്ദർശനം നടത്തുമെന്നും തീരുമാനിച്ചിരുന്നു.
ചില പ്രത്യേക കാരണങ്ങളാൽ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം നീണ്ടുപോയേക്കും എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. മാർപാപ്പ ഇന്ത്യയിലെത്തുമ്പോൾ തീർച്ചയായും കേരളം സന്ദർശിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. വിശ്വാസ സമൂഹത്തിൻ്റെ ചില കാര്യങ്ങൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തി സംസാരിച്ചതായും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post