ന്യൂഡൽഹി: ജി 20 വിരുന്നിനുളള ക്ഷണക്കത്തിൽ ഭാരതം എന്ന് അച്ചടിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഉച്ചകോടിയുടെ ഭാഗമായി ഈ മാസം ഒൻപതിന് സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ക്ഷണിച്ചു കൊണ്ടുളള കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതിലാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ഉൾപ്പെടെയുളള നേതാക്കളാണ് വിയോജിപ്പുമായി രംഗത്തെത്തിയത്. സാധാരണയായി ഇന്ത്യൻ രാഷ്ട്രപതി എന്നാണ് രേഖപ്പെടുത്താറുളളതെന്നും കേട്ട വാർത്തകൾ യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജി 20 വിരുന്നിലേക്കുളള ക്ഷണക്കത്തെന്നും ജയ്‌റാം രമേശ് കുറിച്ചു.
ഇന്ത്യ ആയിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ ഒരു കൂട്ടമാണ് എന്ന രീതിയിൽ ഇനി ഭരണഘടനയിലെ ആർട്ടിക്കിൾ 1 നെ വായിക്കേണ്ടി വരുമെന്നും ജയ്‌റാം രമേശ് പരിഹസിച്ചു. ഈ മാസം 9, 10 തീയതികളിലാണ് ഡൽഹിയിൽ ജി 20 ഉച്ചകോടി നടത്താനിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് രാഷ്ട്രപതി ഭവനിൽ വിരുന്ന് സംഘടിപ്പിക്കുന്നത്.
സർക്കാർ നേരത്തെ അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരുന്നു. പേര് മാറ്റത്തിനുളള പ്രമേയം ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ഒരുക്കമെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
Discussion about this post