ന്യൂഡൽഹി: ജി 20 ഉച്ചകോടിയും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും പടിവാതിലിൽ എത്തി നിൽക്കെ രാഹുൽ വീണ്ടും വിദേശ ടൂറിൽ. ഒരാഴ്ച നീളുന്ന യൂറോപ്പ് ടൂറിനാണ് രാഹുൽ ഒരുങ്ങുന്നത്. ഇന്ത്യൻ സമൂഹവുമായും നിയമവിദഗ്ധരുമായും വിദ്യാർത്ഥികളും സംവദിക്കുമെന്നാണ് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ബ്രസൽസിൽ സെപ്തംബർ ഏഴിന് ഒരു സംഘം യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായി രാഹുൽ സംവദിക്കും. ഹേഗിലും സമാനമായ യോഗം നടക്കും. സെപ്തംബർ എട്ടിന് പാരീസിലുളള സർവ്വകലാശാല വിദ്യാർത്ഥികളുമായും ആശയവിനിമയം നടത്തും. പാരീസിന് പിന്നാലെ നോർവ്വെയിലെത്തുന്ന രാഹുൽ സെപ്തംബർ 10 ന് ഇന്ത്യൻ സമൂഹത്തെയും സംബോധന ചെയ്യും. 11 നാണ് തിരിച്ചെത്തുക.
ഒൻപതും പത്തുമാണ് ഡൽഹിയിൽ ജി 20 ഉച്ചകോടി നടക്കുക. ജി 20 പോലെ ആഗോള പ്രാധാന്യമുളള ഉച്ചകോടിക്ക് രാജ്യം വേദിയാകവേയാണ് രാഹുലിന്റെ വിദേശ പര്യടനം. ഉച്ചകോടി അവസാനിച്ച് പിറ്റേന്നാകും രാഹുൽ ഇന്ത്യയിൽ എത്തുക.
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഭാരതം എന്ന് അഭിസംബോധന ചെയ്തതിലും സനാതന ധർമ്മം ഉൻമൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിലുമൊക്കെ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് രാഹുലിന്റെ പര്യടനമെന്നതും എടുത്തുപറയണം. യൂറോപ്പിൽ നിയമവിദഗ്ധരുമായി ചർച്ച നടത്തുമെന്നാണ് പറയുന്നതെങ്കിലും എന്തിന്റെ പേരിലാണ് ചർച്ചയെന്ന കാര്യത്തിൽ വ്യക്തതയില്ല. പലതവണ വിദേശരാജ്യങ്ങളിലെ വേദികളിൽ ഇന്ത്യൻ സർക്കാരിനെയും രാജ്യത്തിന്റെ പാരമ്പര്യത്തെയും അവഹേളിക്കുന്ന തരത്തിൽ രാഹുൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
Discussion about this post