കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭായാത്രയിൽ ശ്രീകൃഷ്ണനായി മുസ്ലീം ബാലൻ. തലശ്ശേരി സ്വദേശിയായ മുഹമ്മദ് യഹിയ എന്ന ഏഴ് വയസ്സുകാരനാണ് ശ്രീകൃഷ്ണനായി തന്റെ ആഗ്രഹം സഫലമാക്കിയത്. അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളർന്ന കുട്ടി ചികിത്സയ്ക്ക് വേണ്ടിയാണ് കോഴിക്കോട് എത്തിയത്.
അമ്മമ്മ ഫരീദയ്‌ക്കൊപ്പമായിരുന്നു യഹിയ ശോഭായാത്രയിൽ പങ്കെടുത്തത്. ചികിത്സയ്‌ക്കെത്തിയ കുട്ടി തനിക്കും ശ്രീകൃഷ്ണനായി ഘോഷയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ സംഘാടകർ ഇതിനുള്ള സഹായങ്ങൾ കുട്ടിയ്ക്ക് നൽകി.
ശ്രീകൃഷ്ണനായി വീൽ ചെയറിലായിരുന്നു യഹിയ ശോഭായാത്രയിൽ പങ്കെടുത്തത്. അസുഖം ഭേദമായാൽ കൃഷ്ണ വേഷം കെട്ടി നടന്ന് ശോഭയാത്രയിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം എന്ന് യഹിയ പ്രതികരിച്ചു.
ഇത് രണ്ടാം തവണമാണ് യഹിയ കൃഷ്ണവേഷം കെട്ടുന്നത് എന്നാണ് വിവരം. കഴിഞ്ഞ വർഷവും കുട്ടി ശോഭായാത്രയിൽ കൃഷ്ണനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ അതിന് സാധിക്കാതെ വരികയായിരുന്നു.
Discussion about this post