ന്യൂഡൽഹി; ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഗംഭീര സ്വീകരണം. യുക്രെയ്ൻ-റഷ്യ യുദ്ധമടക്കം പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗത്തിന് എത്തിയ നേതാക്കളെ അഭസംബോധന ചെയ്തത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ മുമ്പിലെ നെയിം പ്ലേറ്റും ഇതിനോടൊപ്പം തന്നെ ചർച്ചയാവുന്നുണ്ട്.
നരേന്ദ്ര മോദിക്ക് മുമ്പിലെ നെയിം പ്ലേറ്റിൽ ഭാരതം എന്നാണ് എഴുതിയിരിക്കുന്നത്.പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നൽകുന്ന വ്യക്തമായ സന്ദേശമാണിതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ രാഷ്ട്രപതി ദ്രൗപതി മുർമു ജി20 രാജ്യങ്ങൾക്ക് നൽകിയ ക്ഷണക്കത്തിലും ഭാരതം എന്നാണ് എഴുതിയിരുന്നത്. പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തിലെ വാക്കുകൾ.
രാജ്യത്തിന്റെ പേര് മാറ്റം എന്ന രീതിയിൽ കോൺഗ്രസ് വിമർശനം ഉന്നയിച്ചതോടെ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തിന്റെ പേര് ഭാരതം എന്നാണെന്ന് പറയുന്നുണ്ടെന്ന് ബിജെപി ഓർമിപ്പിച്ചിരുന്നു. പ്രതിപക്ഷം ഭരണഘടനയ്ക്ക് എതിരായിട്ടാണ് സംസാരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഭാരതം എന്ന് ഉപയോഗിക്കാനുള്ള തീരുമാനം കൊളോണിയൽ മനസുള്ളവർക്കെതിരായ ശക്തമായ പ്രസ്താവനയാണ് എന്നാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്.
Discussion about this post