ന്യൂഡൽഹി: ഉത്പാദന മേഖലയിൽ ഇന്ത്യയും അമേരിക്കയും ചൈനയെ കണ്ട് പഠിക്കണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ബ്രസ്സെൽസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. മത്സരാധിഷ്ഠിത വാണിജ്യ ലോകത്ത് ചൈനയുടേതിന് സമാനമായ രീതി വേണം അവലംബിക്കാനെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദന മേഖലയിൽ ഇന്ത്യ, അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങൾ ചൈനയുടേതിന് ബദലായ മാതൃക വേണം സ്വീകരിക്കാൻ. പ്രത്യേക തരത്തിലുള്ള വീക്ഷണവും കാഴ്ചപ്പാടുമാണ് ചൈന ലോകത്തിന് നൽകുന്നത്. ബെൽറ്റ് ആന്റ് റോഡ് എന്ന പദ്ധതി അവർ ലോകത്തിന് മുൻപിൽ വയ്ക്കുന്ന പ്രധാനപ്പെട്ട മാതൃകയാണ്. ഇത്തരം നിർമ്മാണങ്ങൾ ചൈനയ്ക്ക് മാത്രം കഴിയുന്നതിന് പിന്നിൽ ഉത്പാദന രംഗത്ത് അവർ സ്വീകരിച്ചിരിക്കുന്ന മാതൃകയാണ്. ആഗോള വിപണി കേന്ദ്രീകരിച്ചാണ് ചൈനയുടെ ഉത്പാദന രംഗം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ ഇതിന് ബദലായി ഒരു മാതൃക നമ്മുടെ ഭാഗത്ത് ഉണ്ടാകുന്നതായി തനിക്ക് കാണാൻ കഴിയുന്നില്ല. ജനാധിപത്യ പരിസ്ഥിതിയിലെ വിപണനം ആണ് നമ്മുടെ കാഴ്ചപ്പാട്. എന്നാൽ ആളുകൾക്ക് ഒട്ടും സ്വാതന്ത്ര്യമില്ലാത്ത, നിയന്ത്രണങ്ങളുള്ള ഒരു അന്തരീക്ഷമാണ് ചൈന സൃഷ്ടിക്കുന്നത്. എന്നാൽ ഇത് അവർക്ക് അഭിവൃദ്ധിയും നൽകുന്നു. ജനാധിപത്യ കാഴ്ചപ്പാടിൽ ചൈനയ്ക്ക് ബദലായി ഒരു സംവിധാനം രൂപീകരിക്കണം. ഇതിനായി രാജ്യങ്ങൾ തമ്മിൽ സഹകരണം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഒരാഴ്ചത്തെ പര്യടനത്തിന് വേണ്ടിയാണ് രാഹുൽ യൂറോപ്പിൽ എത്തിയത്. ഇവിടെ ഇന്ത്യൻ വിദ്യാർത്ഥികൾ, നിയമജ്ഞർ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
Discussion about this post