പത്തനംതിട്ട: തന്റേതല്ലാത്ത ബൈക്കിന്റെ പേരിൽ യുവാവിന് നിയമലംഘനത്തിന് ലഭിച്ചത് അഞ്ചുവട്ടം നോട്ടീസ്. പത്തനംതിട്ട വലഞ്ചുഴി തരകൻപുരയിടത്തിൽ ആസിഫ് അബൂബക്കറിനാണ് കഴിഞ്ഞ ഓഗസ്റ്റ് 10 മുതൽ പല തവണയായി പെറ്റിക്കേസുകൾക്കു പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പു വന്നുകൊണ്ടിരുന്നത്. തന്റെ വിലാസം നൽകി മറ്റൊരാളാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആസിഫ് പറയുന്നു.
കേസുകൾ തുടരെ എത്തിയതോടെ ബൈക്ക് ഉപയോഗിച്ചിരുന്നയാളെ കണ്ടെത്തി യുവാവ് പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ഏഴംകുളം ഭാഗത്തുള്ള യുവാവാണ് വാഹനം ഓടിക്കുന്നതെന്ന് കണ്ടെത്തി. ഈ വിവരം പത്തനംതിട്ട മോട്ടർ വാഹന വകുപ്പ് ഓഫിസിൽ അറിയിച്ചു. അവിടെനിന്നു കിട്ടിയ നിർദേശമനുസരിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാര്യമായ നീക്കം ഉണ്ടായില്ല.
2010 ജൂൺ മൂന്നിനാണ് മോട്ടർ വാഹനവകുപ്പിൽ ആസിഫിന്റെ വിലാസത്തിൽ മറ്റാരോ ബൈക്ക് റജിസ്റ്റർ ചെയ്തത്. നോട്ടിസ് കിട്ടിത്തുടങ്ങിയതോടെയാണ് സംഭവം അറിയുന്നത്. ആദ്യത്തെ നോട്ടിസ് മേൽവിലാസം തെറ്റി എത്തിയതാകുമെന്നു കരുതി അവഗണിച്ചെങ്കിലും തുടർച്ചയായി നാലെണ്ണം കൂടി എത്തിയതോടെ ആർടിഒ ഓഫിസിൽ പരാതി നൽകുകയായിരുന്നു
Discussion about this post