ന്യൂഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലും പരിസരത്തിലും സുരക്ഷ ശക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ക്ഷേത്ര ദർശനത്തോട് അനുബന്ധിച്ചാണ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയത്. ജി20 ഉച്ചകോടിയുടെ അവസാന ദിനമായ ഞായറാഴ്ചയാണ് ഋഷി സുനക് ക്ഷേത്രത്തിൽ എത്തുന്നത്.
ഋഷി സുനകിനെ വരവേൽക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര സമിതി അംഗമായ ജ്യോതീന്ദ്ര ദേവ് പറഞ്ഞു. ഋഷി സുനകിന്റെ ക്ഷേത്ര ദർശനം സംബന്ധിച്ച് ബ്രിട്ടൺ ഹൈക്കമ്മീഷനിൽ നിന്നും വിവരം ലഭിച്ചിരുന്നു. മയൂർ ധവാർ വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഋഷി സുനകിനെ സ്വാഗതം ചെയ്യും. സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ അക്ഷതയ്‌ക്കൊപ്പമാണ് ഋഷി സുനക് അക്ഷർധാം ക്ഷേത്രത്തിൽ എത്തുക. വെള്ളിയാഴ്ചയായിരുന്നു ഇരുവരും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയത്. സമയമില്ലാത്തതിനാൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചില്ല. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രത്തിൽ എത്തുന്നത് എന്നായിരുന്നു ഋഷി സുനക് പറഞ്ഞത്.
Discussion about this post