ചെന്നൈ: മാതാപിതാക്കളെ സുരക്ഷിതത്വത്തോടെയും അന്തസ്സോടെയും സാധാരണ ജീവിതം നയിക്കാൻ സഹായിക്കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭക്ഷണവും പാർപ്പിടവും ഒരുക്കുന്നതോടൊപ്പം മാന്യമായി ജീവിക്കാനുള്ള സാഹചര്യവും ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അമ്മയെ പരിപാലിക്കാത്ത മകന്റെ സ്വത്ത് രേഖ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
മുതിർന്ന പൗരന്മാരുടെ ജീവനും അന്തസും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സർക്കാറിന്റെ ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തണമെന്നും ജഡ്ജി ഓർമിപ്പിച്ചു. വയോജന നിയമപ്രകാരം, ഇത്തരം പൗരന്മാരുടെ ജീവനും സ്വത്തും ഉറപ്പാക്കേണ്ടത് ജില്ലാ കളക്ടറുടെ കടമയാണെന്ന് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യത്തിന്റേതാണ് ഉത്തരവ്.
സഹോദരങ്ങൾക്ക് തുല്യവിഹിതം നൽകാമെന്നും പിതാവിനും മാതാവിനും ജീവനാംശം നൽകാമെന്നും വാഗ്ദാനം ചെയ്ത് മാതാവിന്റെ സ്വത്ത് സ്വന്തമാക്കിയ മകന്റെ സ്വത്തവകാശം തിരുപ്പൂർ ആർ.ഡി.ഒ റദ്ദാക്കിയിരുന്നു. മകൻ വാക്കു പാലിക്കാത്തിനെ തുടർന്നാണ് തിരിപ്പൂർ സ്വദേശിനിയായ സക്കീറ ബീഗം ആർ.ഡി.ഒയെ സമീപിച്ചത്. ആർഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പൂർ സ്വദേശി മുഹമ്മദ് ദയാൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഈ കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്
Discussion about this post