ന്യൂഡൽഹി: യുക്രെയ്ൻ -റഷ്യ യുദ്ധത്തിൽ ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം സാദ്ധ്യമാക്കിയ ഇന്ത്യയുടെ നയതന്ത്ര മികവിനെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. 200 മണിക്കൂർ നീണ്ട നോൺ സ്‌റ്റോപ്പ് ചർച്ചകൾക്കും 300 ഉഭയകക്ഷി ചർച്ചകൾക്കും ഒടുവിലായിരുന്നു വിഷയത്തിൽ സംയുക്ത പ്രഖ്യാപനത്തിലേക്ക് രാജ്യങ്ങൾ എത്തിയതെന്ന് ജി 20 ഷെർപ്പ അമിതാഭ് കാന്ത് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ശശി തരൂർ ഇന്ത്യയുടെ നയതന്ത്ര മികവിനെ പുകഴ്ത്തിയത്.
യുക്രെയ്‌നിൽ ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുളള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആയിരുന്നു സംയുക്ത പ്രഖ്യാപനം. ഡൽഹി ഉച്ചകോടിയുടെ ഏറ്റവും വലിയ വിജയമായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഇതിനെ വിലയിരുത്തിയിരുന്നു. റഷ്യയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും റഷ്യയുടെ കൂടി അംഗീകാരത്തോടെയാണ് പ്രഖ്യാപനമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.
റഷ്യ -യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം വിവിധ ലോകരാജ്യങ്ങൾ വിഷയത്തിൽ ഇടപെടുകയും യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഇതിന് ഫലമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യയും ചൈനയും ഉൾപ്പെടെയുളള രാജ്യങ്ങൾ അംഗീകരിക്കുന്ന പൊതുവായ പ്രഖ്യാപനം വിഷയത്തിൽ ഉണ്ടാകുന്നത്. രാജ്യങ്ങൾക്കിടയിൽ ചർച്ചകൾ നടത്താൻ തന്നെ സഹായിച്ച ജി 20 ജോയിന്റ് സെക്രട്ടറി കൂടിയായ നാഗരാജ് നായിഡു കാകനൂർ, ഈനം ഗംഭീർ എന്നീ ഉദ്യോഗസ്ഥരുടെ ഒപ്പം നിന്നുകൊണ്ടുളള ചിത്രം സഹിതമായിരുന്നു അമിതാഭ് കാന്ത് ഇതിന് വേണ്ടി വന്ന പരിശ്രമം വെളിപ്പെടുത്തിയത്.
അനുമോദനങ്ങൾ അമിതാഭ് കാന്ത്, നിങ്ങൾ ഐഎഎസ് തിരഞ്ഞെടുത്തത് കൊണ്ട് ഐഎഫ്എസിന് (ഇന്ത്യൻ ഫോറിൻ സർവ്വീസ്) നഷ്ടമായത് ഒരു മികച്ച നയതന്ത്രജ്ഞനെയാണെന്ന് പറഞ്ഞായിരുന്നു ശശി തരൂരിന്റെ ട്വിറ്റർ പ്രതികരണം. ചൈനയും റഷ്യയുമായും ഉൾപ്പെടെ വിലപേശലുകൾ നടത്തിയെന്നും കഴിഞ്ഞ രാത്രി മാത്രമാണ് പ്രഖ്യാപനത്തിന്റെ അന്തിമ കരട് തയ്യാറാക്കാനായതെന്നുമുളള അമിതാഭ് കാന്തിന്റെ വാക്കുകളും ശശി തരൂർ ആവർത്തിച്ചു.
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട കുറ്റങ്ങളും പരാതികളും ഉയർത്തിക്കാട്ടാൻ വെമ്പുന്ന കോൺഗ്രസിന് വലിയ തിരിച്ചടി നൽകുന്നതാണ് മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറൽ കൂടിയായ ശശി തരൂരിന്റെ വാക്കുകൾ.
Discussion about this post