ചെന്നൈ: ജയിലർ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നിർമ്മാതാവ് കലാനിധി മാരന്റെ സ്‌നേഹ സമ്മാനം. അണിയറ പ്രവർത്തകർക്ക് സ്വർണനാണയങ്ങൾ നൽകി. സിനിമ വൻ പ്രേഷക പ്രീതിയോടെ തിയറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. ഇതിനിടെയാണ് അദ്ദേഹം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ഉപഹാരം നൽകിയിരിക്കുന്നത്.
300 ഓളം പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. ഇവർക്കെല്ലാം അദ്ദേഹം സ്വർണനാണയങ്ങൾ നൽകി. ‘ സൺ പിക്‌ചേഴ്‌സ്’, ‘ ജയിലർ ‘ എന്നിങ്ങനെ എഴുതിയ പ്രത്യേകം തയ്യാറാക്കിയ നാണയങ്ങളാണ് കൈമാറിയത്. വിജയാഘോഷത്തിന്റെ ഭാഗമായി അണിയറ പ്രവർത്തകർക്കൊപ്പം കലാനിധി മാരൻ കേക്ക് മുറിച്ചു. ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. സംവിധായകൻ സെൽസണും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അണിയറ പ്രവർത്തകർക്കൊപ്പം ഒന്നിച്ചിരുന്നാണ് ഇരുവരും ഭക്ഷണം കഴിച്ചത്.
ചിത്രം വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതോടെ സെൽസൺ, രജനി കാന്ത്, അനിരുദ്ധ് എന്നിവർക്ക് കലാനിധിമാരൻ ലാഭ വിഹിതത്തിന്റെ ഒരു ഭാഗവും കാറും സമ്മാനമായി നൽകിയിരുന്നു. ഇതിന് പുറമേ ലാഭമായി കിട്ടിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അണിയറ പ്രവർത്തകർക്ക് സ്വർണ നാണയങ്ങൾ നൽകിയത്.
ഓഗസ്റ്റ് 10 നായിരുന്നു രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ ജയിലർ തിയറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 195 കോടി രൂപയാണ് സ്വന്തമാക്കിയത്.
Discussion about this post