തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത പുതുപ്പളളി എംഎൽഎ ചാണ്ടി ഉമ്മന്റെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന ഇടതു സൈബർ ഫ്രോഡുകൾക്ക് മറുപടി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മത്തിൽ പങ്കെടുത്ത ബിജെപി വനിതാ നേതാവും തിരുവനന്തപുരം കോർപ്പറേഷൻ അംഗവുമായ ജിഎസ് ആശാനാഥിന്റെയും ചാണ്ടി ഉമ്മന്റെയും ചിത്രങ്ങൾ ക്രോപ്പ് ചെയ്തായിരുന്നു വ്യാജ പ്രചാരണം.
‘ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ’ എന്ന് പറഞ്ഞാണ് ചിത്രം പ്രചരിപ്പിച്ചത്. എന്നാൽ ക്രോപ്പ് ചെയ്ത ചിത്രം പൂർണമായി നോക്കിയാൽ ചാണ്ടി ഉമ്മനൊപ്പം ഇടത് വശത്ത് നില്ക്കുന്നത് സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോൾ അത് സിപിഎമ്മിന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ എന്നാണ് രാഹുലിന്റെ ചോദ്യം.
ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുകയെന്നും രാഹുൽ പരിഹസിച്ചു. ചാണ്ടി ഉമ്മന് ഹസ്തദാനം നടത്തുന്ന സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിന്റെ ചിത്രവും രാഹുൽ പങ്കുവെച്ചു. ജോജിൻ കൈ കൊടുത്ത് വോട്ട് കച്ചവടമാക്കുകയായിരുന്നുവെന്നും രാഹുൽ പരിഹസിച്ചു.
ബിജെപി വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും ഇടത് സൈബർ പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത ചാണ്ടി ഉമ്മൻ തുലാഭാരവും നടത്തിയാണ് മടങ്ങിയത്.
Discussion about this post