ന്യൂഡൽഹി: രാജ്യത്ത് ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാരിൽ കേരളം ഒന്നാമത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 763 പാർലമെന്റ് അംഗങ്ങളിൽ 306 പേരും (40%) ക്രിമിനൽ കേസുകൾ നേരിടുന്നതായി സ്വയം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മത്സരിക്കുന്നതിന് മുൻപ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ നിന്നുളള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിൽ നിന്നുളള 73 ശതമാനം എംപിമാരാണ് ക്രിമിനൽ കേസുകൾ നേരിടുന്നത്. ബിഹാർ, മഹാരാഷ്ട്ര (57%), തെലങ്കാന (50%) എന്നീ സംസ്ഥാനങ്ങളാണ് പിന്നിൽ.
ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാർ ഏറ്റവും കൂടുതലുളളത് ബിഹാറിലാണ്. കേസുകളുളളതിൽ അൻപത് ശതമാനം എംപിമാരും ഗൗരവമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. കേരളത്തിൽ ഇത് പത്ത് ശതമാനം മാത്രമാണ്.
ബിജെപിയിൽ നിന്നുളള 36 ശതമാനം എംപിമാർ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്. കോൺഗ്രസിൽ നിന്നുളള 53 ശതമാനം എംപിമാരും തൃണമൂൽ കോൺഗ്രസിന്റെ 39 ശതമാനം എംപിമാരും ക്രിമിനൽ കേസിൽപെട്ടവരാണ്. സിപിഎമ്മിന്റെ എട്ട് എംപിമാരിൽ ആറ് പേർക്കും ക്രിമിനൽ കേസുകളുണ്ട്. 32 എംപിമാർ വധശ്രമത്തിന് ഐപിസി സെക്ഷൻ 307 നേരിടുന്നവരാണ്. 21 എംപിമാർ വനിതകൾക്കെതിരായ കേസുകളിലും പ്രതികളാണ്.
38.33 കോടി രൂപയാണ് ഒരു എംപിയുടെ ശരാശരി ആസ്തി. ക്രിമിനൽ കേസുകളുളള എംപിമാരുടെ ശരാശരി ആസ്തി 50.03 കോടിയാണ്.
Discussion about this post