കൊല്ലം: ഗതാഗത വകുപ്പിനും മന്ത്രിക്കുമെതിരെ തുറന്നടിച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ പരസ്യ വിമർശനം. ഒന്നാം പിണറായി സർക്കാരിലും രണ്ടാം പിണറായി സർക്കാരിലുമുളള വകുപ്പുമന്ത്രിമാരോട് ഇക്കാര്യം നിരവധി തവണ പറഞ്ഞുവെന്നും ഇടപെടൽ ഉണ്ടായില്ലെന്നും മുകേഷ് തുറന്നുപറയുന്നു.
പറയാതെ വയ്യ എന്ന് പറഞ്ഞാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നിയമസഭയിൽ നിരവധി പ്രാവശ്യം ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റാൻഡ് അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയ ശേഷം എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകിയെന്നും മുകേഷ് പറയുന്നു.
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഡിപ്പോയുടെ സമഗ്ര വികസനമെന്ന് പറഞ്ഞ് കിഫ്ബി ധനസഹായത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതി അനിശ്ചിതമായി വൈകിയതോടെയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം നൽകാമെന്ന നിർദ്ദേശം മുകേഷ് മുന്നോട്ടുവെച്ചത്. ഇത് നിയമസഭയിൽ ഉൾപ്പെടെ ചോദ്യോത്തര വേളയിൽ ചോദിക്കുകയും ചെയ്തിരുന്നു. എകെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഡിപ്പോ നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടണമെന്നും ശോച്യാവസ്ഥ പരിഹരിക്കാൻ സഹായകരമായ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് 2018 മാർച്ചിൽ മുകേഷ് കത്ത് നൽകിയിരുന്നു.
ഇതിനിടെ സൗകര്യമില്ലെന്ന് പറഞ്ഞ് ഡിപ്പോ ജില്ലാ ആസ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായും അതിനെതിരെ വലിയ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടി 2022 ജൂലൈയിലും മുകേഷ് നിലവിലെ മന്ത്രി ആന്റണി രാജുവിന് നൽകിയിരുന്നു. ഇതും മുകേഷ് പുറത്തുവിട്ടിട്ടുണ്ട്. വികസനം അതിവേഗമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് ഭരണകക്ഷി എംഎൽഎ തന്നെ ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്.
Discussion about this post