കൊച്ചി: ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന പിപി മുകുന്ദന് ആദരാഞ്ജലി നേർന്ന് രാജ്യസഭാ മുൻ എംപിയും നടനുമായ സുരേഷ് ഗോപി. വികാര നിർഭരമായ വാക്കുകളോടെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സുരേഷ് ഗോപി അന്തരിച്ച മുതിർന്ന നേതാവിന് ആദരാഞ്ജലി അർപ്പിച്ചത്.
“എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ… ഹൃദയത്തിൽ നിന്നു ഇറ്റു വീഴുന്ന കണ്ണീർ പ്രാണാമങ്ങൾ” എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു പി.പി മുകുന്ദൻ. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാവിലെയാണ് അന്തരിച്ചത്.
പിപി മുകുന്ദനുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു സുരേഷ് ഗോപി. ഒരു വർഷം മുൻപ് കണ്ണൂരിൽ പി.പി മുകുന്ദന്റെ വീട്ടിലെത്തി നേരിട്ട് കാണുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയിലെ ആശുപത്രിയിലെത്തിയും അദ്ദേഹം പിപി മുകുന്ദനെ കണ്ടിരുന്നു.
രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിൽ നിരവധി പ്രമുഖർ പിപി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു. മൃതദേഹം എളമക്കരയിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വൈകിട്ട് മൂന്ന് വരെ ഇവിടെ പൊതുദർശനത്തിന് ശേഷം സ്വദേശമായ കണ്ണൂർ കൊട്ടിയൂരിലേക്ക് കൊണ്ടുപോകും.
Discussion about this post