എറണാകുളം : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
നദീതട സംരക്ഷണ സമിതി പ്രവർത്തകനായ പി വി രാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടി. ഇതോടെ കുട്ടികളുടെ പാർക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കി. ഹർജി ഇനി രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 2018 മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട് പാർക്ക് വീണ്ടും തുറക്കാനായി അനുമതി നൽകിയത് വിദഗ്ധ പഠനം നടത്താതെ ആണെന്നാണ് ഹർജിക്കാരൻ പറയുന്നത്. പാർക്ക് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ പിവി അൻവർ അടക്കം 12 എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post