കോഴിക്കോട്: ഒരാൾക്ക് കൂടി ജില്ലയിൽ നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. 24 വയസുളള ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
സ്ഥിതി കൂടുതൽ സങ്കീർണമായ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു. ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) വ്യാഴവും വെളളിയും (14.09.2023 &15.09.2023 തീയതികളിൽ) അവധിയായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഗവ.ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ നേരിട്ടെത്തി കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിലയിരുത്തി. വിവിധ കൗണ്ടറുകളിലായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
Discussion about this post