കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റെന്നാളും അവധി. നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി നൽകാൻ ഭരണകൂടം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കളക്ടർ അറിയിപ്പ് പുറപ്പെടുവിച്ചു.
നിപ ജാഗ്രത മുൻകരുതലിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. മൂന്ന് സംഘങ്ങളാണ് എത്തിയിരിക്കുന്നത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് വൈകീട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. ഇതുവരെ സംസ്ഥാനത്ത് അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടെ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആരോഗ്യപ്രവർത്തകന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.
Discussion about this post