പാലക്കാട്: സംസ്ഥാനത്ത് തീവണ്ടിയ്ക്ക് നേരെ വീണ്ടും ആക്രമണം. കേരള എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കോച്ചിന്റെ ജനൽ തകർന്നു. ഡി 3 കോച്ചിന്റെ ജനൽ ചില്ലാണ് തകർന്നത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല.
ആക്രമണത്തിൽ ഷൊർണൂർ ആർപിഎഫ് അന്വേഷണം തുടങ്ങി. നേരത്തെ കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ തീവണ്ടികൾക്ക് നേരെ ആക്രമണം പതിവായിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലത്തും സമാനമായ രീതിയിൽ ആക്രമണം ഉണ്ടാകുന്നത്.
Discussion about this post