തൃശൂർ : ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ.
ചേർപ്പ് സ്റ്റേഷനിലെ സിപിഒ ആയ സുനിലിനെ ആണ് മുഖത്ത് വെട്ടി പരിക്കേൽപ്പിച്ചത്. ചൊവ്വൂര്‍ സ്വദേശിയായ മാളിയേക്കല്‍ ജിനു (27), ഇയാളുടെ സഹോദരന്‍ മിജോ(29), സുഹൃത്തായ വെള്ളാങ്കല്ലൂര്‍ കുറുപ്പംപടി സ്വദേശി മണമ്മല്‍ അനീഷ്(47) എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
പുതുക്കാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയപാതയിലൂടെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. ഇരുപതോളം കേസുകളിൽ പ്രതികൾ ആയിട്ടുള്ള കൊടും ക്രിമിനലുകൾ ആണ് അറസ്റ്റിലായവർ. പോലീസുകാരന്റെ മുഖത്ത് വെട്ടിയ ജിനു കൊലക്കേസ് അടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. കൊലപാതകശ്രമം, കവർച്ച എന്നിങ്ങനെ മറ്റു നിരവധി കേസുകളും ഇയാൾക്കും സഹോദരനും എതിരായുണ്ട്. അറസ്റ്റിലായിട്ടുള്ള ജിനുവിന്റെ സുഹൃത്ത് അനീഷ് ലഹരി കൈവശം വച്ച കേസിൽ പ്രതിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം നടക്കുന്നത്. വീട്ടിൽ തർക്കം ഉണ്ടായതിനെ തുടർന്ന് പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു. ഇതേ തുടർന്ന് ആക്രമണകാരിയായ പ്രതികൾ പോലീസിന് നേരെ അക്രമം അഴിച്ചുവിടുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. മുഖത്ത് വെട്ടേറ്റ പോലീസുദ്യോഗസ്ഥൻ വലപ്പാട് സ്വദേശി സുനിലിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post