തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം. അലൻസിയറിന്റെ പരാമർശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി സംവിധായിക ശ്രുതി ശരണ്യം രംഗത്ത് എത്തി. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നുവെന്നും ശ്രുതി ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായികയുടെ പ്രതികരണം.
ദി ലേഡി ഇൻ മൈ ഹാൻഡ് ഈ ഇൻക്രഡിബിൾ.. എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രുതി പ്രതികരണം ആരംഭിച്ചത്. ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് ശ്രുതി പറഞ്ഞു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണംപോലും … അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്.
സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. ഇറ്റ്‌സ് അ ഷേം. സ്ത്രീ/ട്രാൻസ്‌ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നുവെന്നും ശ്രുതി ശരണ്യം കൂട്ടിച്ചേർത്തു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായി പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നായിരുന്നു അലൻസിയർ പറഞ്ഞത്. ആൺ പ്രതിമ തന്നാൽ അന്ന് അഭിനയം അവസാനിപ്പിക്കും. സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തുക വർദ്ധിപ്പിക്കണം. 25,000 രൂപ തന്ന് അപമാനിക്കരുത് എന്നും അലൻസിയർ പറഞ്ഞിരുന്നു.
Discussion about this post