ശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളുടെ അനന്തസാദ്ധ്യതകൾ സമൂഹത്തിനായി നൽകുന്ന എഞ്ചിനീയർമാരുടെ സേവനത്തെ ആദരിക്കാൻ ദേശീയ തലത്തിൽ ആഘോഷിക്കുന്ന ദിവസമാണ് ദേശീയ എഞ്ചിനീയർ ദിനം .(National Engineers’ Day)
മൈസൂര്‍ ദിവാനും ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറുമായ മോക്ഷഗുന്ദം വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികദിവസമാണ് ദേശീയ എഞ്ചിനീയർ ദിനം ആഘോഷിക്കുക.
ആരാണ് എം വിശ്വേശ്വരയ്യ?
സംസ്കൃത പണ്ഡിതനും ആയുര്‍വേദ വൈദ്യനുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായി 1861 സെപ്തംബര്‍ 15 നാണ് അദ്ദേഹം ജനിച്ചത്.
മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബി.എസ്സി ബിരുദവും പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടിയ അദ്ദേഹം മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം എഞ്ചിനീയറായി ജോലിക്ക് കയറിയത്.
പിന്നീട് ഇന്ത്യന്‍ ജലസേചന കമ്മീഷനിൽ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഠഭൂമിക്ക് പറ്റിയ സവിശേഷവും നൂതനവുമായ ഒരു ജലസേചന സമ്പ്രദായം അദ്ദേഹം രൂപകൽപ്പന ചെയ്തു. അതിന് അദ്ദേഹത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
പിന്നീട് ബ്രിട്ടീഷ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഏഡനിൽ (ഇന്നത്തെ യമനിൽ) സഞ്ചരിച്ച് ജലസേചനനംവിധാനങ്ങളെ പറ്റി പഠിക്കുകയും അവിടെ മരുഭൂമിക്ക് ഉതകും വിധം പ്രത്യേകമായ ജലസേചന സംവിധാനങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇന്നും അത് പ്രവർത്തനക്ഷമമാണ്.
ഹൈദരാബാദ് നൈസാമിന്റെ അഭ്യർഥനപ്രകാരം ഹൈദരാബാദ് നഗരത്തിന് വേണ്ടി ഒരു വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം അദ്ദേഹം രൂപകൽപ്പന ചെയ്തു. ഇതോടെ വിശേശ്വരയ്യയുടെ പ്രശസ്തി രാജ്യം മുഴുവനും ഉയർന്നു. പിന്നീട് അദ്ദേഹത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയറായി നിയമിച്ചു. ഈ സമയത്ത് അദ്ദേഹം മൈസൂരിന് വേണ്ടി അനേകം അണക്കെട്ടുകൾ രൂപകൽപ്പന ചെയ്യുകയുണ്ടായി. ലോകപ്രശസ്തമായ കൃഷ്ണരാജസാഗർ അണക്കെട്ട് അക്കാലത്ത് അദ്ദേഹം രൂപകൽപ്പന ചെയ്തതാണ്.
1912 ലാണ് മൈസൂർ രാജാവ് കൃഷ്ണരാജ വാഡിയാർ നാലാമൻ അദ്ദേഹത്തെ മൈസൂർ ദിവാനാകാൻ ക്ഷണിക്കുന്നത്. അന്ന് മുതൽ 1918 വരെയുള്ള ഏഴ് വർഷം മൈസൂർ എന്ന രാജ്യത്തിന്റെ വികസനക്കുതിപ്പ് ലോക ശ്രദ്ധയാകർഷിച്ചു. രാജ്യത്തെ ഏറ്റവും വികസിതമായ ഒരു പ്രദേശമായി മൈസൂർ മാറി.
ചന്ദനത്തൈല നിർമ്മാണത്തിനുള്ള വ്യവസായ ശാലകൾ മുതൽ ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് വരെയുള്ള അനേകം പുതിയ വ്യവസായശാലകൾ അദ്ദേഹം നിർമ്മിച്ചു. മൈസൂർ സോപ്പ് നിർമ്മാണശാല (ഇന്ന് ലോകപ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്നത് ഇവിടെയാണ്) അദ്ദേഹം ദിവാനായിരുന്നപ്പോൾ നിർമ്മിച്ചതാണ്. ഒപ്പം ബാങ്ക് ഓഫ് മൈസൂർ, മൈസൂർ ചേംബർ ഓഫ് കോമേഴ്സ് തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചു. അനേകം പുതിയ റോഡുകളും അദ്ദേഹം രൂപകൽപ്പന ചെയ്യുകയുണ്ടായി.
ബാംഗ്ലൂർ പോളിടെക്നിക്, ബാംഗ്ലൂർ കാർഷിക സർവകലാശാല, ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് (ഇന്ന് വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ) എന്നിവ അദ്ദേഹം സ്ഥാപിച്ചതാണ്. ഒരു ആധുനിക നഗരമായി ബാംഗ്ലൂരിനെ വാർത്തെടുക്കുന്നതിൽ വിശ്വേശരയ്യ നൽകിയ സംഭാവനകൾ മറക്കാനാവില്ല.
മൈസൂരിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം വേണ്ട സഹായങ്ങളല്ലാം ചെയ്തു. അത് വഴി ലോക പ്രശസ്തമായ പല കമ്പനികളും മൈസൂർ സംസ്ഥാനത്ത് നിക്ഷേപങ്ങൾ നടത്തി.
ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായിരുന്നു എം വിശ്വേശ്വരയ്യ. ഒരു എഞ്ചിനീയർ എന്നതിലുപരി മിടുക്കനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം . കന്നഡ ഭാഷയെ സ്നേഹിച്ച അദ്ദേഹം ആ ഭാഷയുടെ പ്രചരണത്തിനായി കന്നഡ പരിഷത്ത് സ്ഥാപിച്ചു. എം വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്മരിക്കുകയും രാജ്യവികസനത്തിന് എഞ്ചിനീയർമാരുടെ സേവനത്തെപ്പറ്റി എടുത്ത് പറയുകയും ഉണ്ടായി.
അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബംഗളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. 1955 ൽ രാജ്യം അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ‘ഭാരതരത്ന’ പുരസ്കാരം നൽകി ആദരിച്ചു. 1962 ൽ 100 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
എം വിശ്വേശ്വരയ്യയുടെ സ്മരണാർത്ഥം ഭാരതത്തോടൊപ്പം ടാൻസാനിയയും ശ്രീലങ്കയും സെപ്റ്റംബർ 15 എഞ്ചിനീയർ ദിവസമായി ആചരിക്കുന്നു. എല്ലാ എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും ബ്രേവ് ഇന്ത്യയുടെ എഞ്ചിനീയർ ദിനാശംസകൾ .
Discussion about this post