ഒരുകാലത്ത് ശവസംസ്കാരം നടന്നിരുന്ന സ്ഥലം ഇന്നൊരു പ്രീമിയം ടൂറിസ്റ്റ് സ്പോട്ട് ആയി മാറിയ ഒരു കഥയുണ്ട്. അലഞ്ഞു തിരിയുന്ന പ്രേതങ്ങളുടെ കഥകൾ കൊണ്ട് പ്രസിദ്ധമായ ഒരു കടൽത്തീരം. ഇന്ത്യയിലെ ഡാർക്ക് ടൂറിസം സ്പോട്ടുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒരിടം, അതാണ് ഗുജറാത്തിലെ ദുമാസ് ബീച്ച്. പണ്ട് ശ്മശാനമായിരുന്നതിനാൽ രാത്രികാലങ്ങളിൽ ഇവിടെ നൂറുകണക്കിന് ആത്മാക്കൾ ചുറ്റിക്കറങ്ങുന്നുണ്ട് എന്നാണ് പ്രാദേശികമായുള്ള വിശ്വാസം. എന്നാൽ ആ വിശ്വാസത്തെ തന്നെ ഒരു മികച്ച ടൂറിസം സാധ്യതയാക്കി മാറ്റുകയാണ് ഗുജറാത്ത് സർക്കാർ.
സൂറത്തിൽ നിന്നും 21 കിലോമീറ്റർ യാത്രയുണ്ട് ദുമാസ് കടൽത്തീരത്തേക്ക്. കറുത്ത മണൽ നിറഞ്ഞ തീരമാണ് ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ പ്രേതബാധയുള്ള സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ഈ ബീച്ച് അറിയപ്പെടുന്നത് തന്നെ. ഈ ബീച്ചിലെ കറുത്ത മണലിന് കാരണം പണ്ട് ഇവിടെ ശവസംസ്കാരങ്ങൾ നടന്നിരുന്നതിനാലും ആ ആത്മാക്കൾ ഇപ്പോൾ ഇവിടെ അലഞ്ഞു തിരിയുന്നതിനാലും ആണെന്നാണ് പ്രാദേശികമായുള്ള വിശ്വാസം. എന്നാൽ പിന്നെ പ്രേതങ്ങളെ കാണാൻ താല്പര്യമുള്ളവർ ഇങ്ങോട്ട് പോന്നോളൂ എന്നാണ് ഗുജറാത്തിന്റെ ടൂറിസം വകുപ്പ് പറയുന്നത്. ഈ പ്രേതകഥകൾ മൂലം ധാരാളം വിദേശികൾ പോലും ദുമാസ് ബീച്ച് തേടിയെത്തുന്നുണ്ട്.
പകൽ സമയത്ത് രാജ്യത്തെ മറ്റേതൊരു ബീച്ചും പോലെ ഒരു സാധാരണ സ്ഥലം മാത്രമാണ് ദുമാസ്. പകൽ ഇവിടേക്ക് വിദേശികളും സ്വദേശികളുമായ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. എന്നാൽ രാത്രി ആയാൽ കഥ മാറും. പ്രേതങ്ങളോട് വലിയ താല്പര്യമുള്ളവർ മാത്രമാണ് രാത്രികാലങ്ങളിൽ ഈ ബീച്ചിലേക്ക് കടന്നു വരാറുള്ളത്. എന്നാൽ അങ്ങനെ വന്ന ചില സഞ്ചാരികളെ കാണാതായതായും പറയപ്പെടുന്നുണ്ട്. രാത്രിയിൽ നായ്ക്കൾ അസ്വാഭാവികമായി ഓരിയിടുന്നത് ഇവിടെ വലിയൊരു നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ട് എന്നാണ് പല സഞ്ചാരികളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. പല വിദേശ ടൂറിസ്റ്റുകൾ പോലും ഈ പ്രദേശത്ത് ഒരു നെഗറ്റീവ് എനർജി ഉണ്ടെന്നും ഫോട്ടോകളിൽ സ്പിരിറ്റ് ഓർബുകൾ തെളിഞ്ഞെന്നുമൊക്കെ വാദിക്കുന്നുണ്ട്. പ്രേത പര്യവേക്ഷകരായ ചില വിദേശ വ്ലോഗർമാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് ദുമാസ് ബീച്ച്. പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്നുള്ളത് തർക്കവിഷയമാണെങ്കിലും ഇവിടുത്തെ പ്രേതകഥകൾ സർക്കാരിന് നല്ലൊരു വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്.
Discussion about this post