പത്തനംതിട്ട: പരുമല കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്, കിം എന്നിവരെ എസ് എഫ് ഐ- മാർക്സിസിറ്റ് ഗുണ്ടകൾ ക്യാമ്പസിനുള്ളിൽ വെച്ച് മൃഗീയമായി മർദ്ദിച്ചും എറിഞ്ഞും പമ്പയാറ്റിൽ മുക്കി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 27 വർഷങ്ങൾ. 1996 സെപ്തംബര്‍ 17നായിരുന്നു എബിവിപി പ്രവർത്തകർ മാർക്സിസ്റ്റ് ഭീകരരുടെ കൊടിയ മർദ്ദനങ്ങൾക്കും നിഷ്ഠൂരമായ കൊലപാതകത്തിനും ഇരയായത്. കോളേജിലെ എസ് എഫ് ഐയുടെ ജനാധിപത്യ വിരുദ്ധതക്കെതിരെ ഒറ്റയ്ക്ക് പൊരുതി വിജയം വരിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം.
വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി ക്യാമ്പസിനുള്ളിൽ കടന്ന എസ് എഫ് ഐ- സിപിഎം സംഘം കോളേജിന്റെ ഗേറ്റ് പൂട്ടിയ ശേഷം എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഓടി പമ്പയാറ്റിൽ ചാടിയ വിദ്യാർത്ഥികളെ മാർക്സിസ്റ്റ് ഭീകരർ ക്രൂരമായി കല്ലെറിഞ്ഞു താഴ്ത്തി. കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതിന് സാക്ഷികളായവർ ആരും തന്നെ മാർക്സിസ്റ്റുകാർക്കെതിരെ മൊഴി കൊടുക്കാൻ തയ്യാറായില്ല. പ്രിൻസിപ്പലിന്റെ നിലപാടും പോലീസിന്റെ നിഷ്ക്രിയത്വവും അക്രമികൾക്ക് രക്ഷപ്പെടാൻ സഹായകമായി.
കൊലപാതകത്തിന് ശേഷം വ്യക്തിഹത്യ എന്ന കമ്മ്യൂണിസ്റ്റ് നികൃഷ്ടത പരുമല ബലിദാനികളുടെ കാര്യത്തിലും സിപിഎം ആവർത്തിച്ചു. കൊല്ലപ്പെട്ടവരെ മദ്യപാനികളായി ചിത്രീകരിച്ച വി എസ് അച്ച്യുതാനന്ദനും ഇ കെ നായനാരും ഉൾപ്പെടെയുള്ള അന്നത്തെ സിപിഎം നേതാക്കൾ ആ മൂന്ന് കുടുംബങ്ങളുടെയും കണ്ണീരിനെയും നൊമ്പരങ്ങളെയും അപഹസിക്കുന്നത് വർഷങ്ങളോളം തുടർന്നു.
സാമൂഹിക മാദ്ധ്യമങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് അതിവേഗം നുണ പ്രചാരണം നടത്താനും തെളിവുകൾ ഇല്ലാതാക്കി അക്രമികളെ രക്ഷിക്കാനും മാർക്സിസ്റ്റുകാർക്ക് കഴിഞ്ഞു. എസ് എഫ് ഐ എന്ന സംഘടന ക്യാമ്പസുകളിൽ എത്ര മാത്രം സ്വേച്ഛാധിപത്യപരമായും പ്രാകൃതമായും അപരിഷ്കൃതമായുമാണ് ഏകാധിപത്യ വാഴ്ച നടത്തുന്നത് എന്നതിന്റെ ഏറ്റവും ശക്തവും വേദനാജനകവുമായ ഉദാഹരണമാണ് പരുമലയിൽ നടന്ന കൂട്ടക്കുരുതി. അധികാരത്തിന്റെയും സമൂഹത്തിലെ ഇത്തിൾകണ്ണികളായ ചില കപട സാംസ്കാരിക നായകരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും പിന്തുണയോടെ എന്ത് അക്രമവും കാണിക്കാനും പിന്നീട് അതിനെ ന്യായീകരിക്കാനും മാർക്സിസ്റ്റുകാർക്ക് കേരളത്തിൽ കഴിയുന്നു എന്നത് അന്നും ഇന്നും അപകടകരമാണ്.
Discussion about this post