തിരുവനന്തപുരം: സമരം നടത്താനുൾപ്പടെയുള്ള ആവശ്യങ്ങൾക്ക് പോലീസ് അനുമതി ലഭിക്കാൻ ഇനി ഫീസ് വേണം. രാഷ്ട്രീയ പാർട്ടികളുടേതടക്കമുള്ള പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കുമാണ് ഫീസ് നൽകേണ്ടത്. ഒക്ടോബർ ഒന്നു മുതൽ ഫീസ് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
പ്രകടനം നടത്താൻ പതിനായിരം രൂപ വരെ നൽകണം. എഫ്‌ഐആർ കിട്ടാൻ 50 രൂപ നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവക്ക് ഫീസടയ്ക്കണ്ട. നിലവിൽ ഫീസ് അടച്ച് ലഭിച്ചിരുന്ന അനുമതികളുടെ നിരക്കും കൂട്ടിയിട്ടുണ്ട്. അഞ്ച് ദിവസം സംസ്ഥാനത്തുടനീളം വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താന്നുള്ള ഫീസ് 5515 രൂപയിൽ നിന്ന് 6070 രൂപയായി ഉയർത്തി. ജില്ലാ തലത്തിൽ ഫീസ് 555 നിന്ന് 610 ആക്കി. മൈക്ക് ലൈസൻസ് കിട്ടാൻ 365 രൂപ നൽകണം.
ബാങ്ക് പണം കൊണ്ടുപോകാനുള്ള എസ്‌കോർട്ട് ഫീസ് 1.85 ശതമാനം കൂട്ടി. സ്വകാര്യ പാർട്ടി, സിനിമാ ഷൂട്ടിങ് എന്നിവക്ക് സുരക്ഷ ഏർപ്പെടുത്താൻ സിഐക്ക് 3,340 ആണ് കൂട്ടിയ ഫീസ്. പോലീസ് നായക്ക് 6615-ൽ നിന്ന് 7280 രൂപയാക്കി. ഷൂട്ടിങ്ങിന് പോലീസ് സ്റ്റേഷൻ വിട്ടു നൽകുന്നതിനുള്ള ഫീസ് 12,130 രൂപയാണ്. എഫ്‌ഐആർ, ജനറൽ ഡയറി, സീൻ മഹസർ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് , വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ കിട്ടാൻ 50 രൂപ ഫീസ് നൽകണം.
Discussion about this post