ഇസ്ലാമാബാദ്: മിസ് യൂണിവേഴ്‌സ് മത്സരത്തിൽ യോഗ്യത നേടിയ മോഡലിനെതിരെ ആക്രോശവുമായി മതമൗലികവാദികൾ. പാകിസ്താനിലാണ് സംഭവം. മിസ് യൂണിവേഴ്‌സ് പാകിസ്താൻ പട്ടം ലഭിച്ച കറാച്ചി സ്വദേശിനി എറിക്ക റോബിനെതിരെയാണ് സൈബർ ആക്രമണം നടക്കുന്നത്. മിസ് യൂണിവേഴ്‌സ് കിരീടമത്സരത്തിന് രാജ്യത്ത് നിന്ന് യോഗ്യത നേടുന്ന ആദ്യ പെൺകുട്ടിയായിട്ട് കൂടി മോഡലിനെതിരെ കടുത്ത ഭാഷയിലാണ് വിമർശനം ഉയരുന്നത്.
മതപണ്ഡിതരാണ് യുവതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകൾ പാകിസ്താനെ പ്രതിനിധീകരിക്കുന്നു എന്നത് മിഥ്യയാണെന്ന് മതപണ്ഡിതനായ തഖി ഉസ്മാനി പറഞ്ഞു. ജ ഇത്തരം മത്സരങ്ങളിൽ പരിശീലനവും പങ്കാളിത്തവും പാകിസ്താനെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണെന്ന് മാഅത്ത്-ഇ-ഇസ്ലാമി സെനറ്റർ മുഷ്താഖ് അഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. പാക് യുവതിക്ക് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ഏത് സർക്കാരാണ് അനുമതി നൽകിയതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
സൈബർ ആക്രമണത്തിനെതിരെ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ രംഗത്തെത്തി. ലോക വേദിയിൽ പ്രശസ്തരായ പാകിസ്താനികളായ സ്ത്രീകളെ ആക്രമിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. വിദേശത്ത് സ്ത്രീകൾ നേടിയ നേട്ടങ്ങൾ രാജ്യത്തിന്റെ സദാചാരത്തിന് കളങ്കമായി കാണുന്നത് എന്തുകൊണ്ടെന്ന് അവർ ചോദിച്ചു.
Discussion about this post